01:48am 21 June 2026
NEWS
ആ​ദിത്യയെ ശരൺ മർദ്ദിച്ചത് ബസ് സ്റ്റാൻഡിൽവെച്ച്; സിസിടിവി ദൃശ്യങ്ങൾ പൊലീസിന്; കോളജ് അധ്യാപികയുടെ മരണത്തിൽ നിർണായക തെളിവുകൾ
20/06/2026  09:41 AM IST
nila
ആ​ദിത്യയെ ശരൺ മർദ്ദിച്ചത് ബസ് സ്റ്റാൻഡിൽവെച്ച്; സിസിടിവി ദൃശ്യങ്ങൾ പൊലീസിന്; കോളജ് അധ്യാപികയുടെ മരണത്തിൽ നിർണായക തെളിവുകൾ

പാനൂർ: അധ്യാപിക ആദിത്യ അനിൽകുമാറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ആൺസുഹൃത്ത് ശരൺ ആദിത്യയെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ആദിത്യയെ മർദിച്ചതിനെ തുടർന്നുണ്ടായ മാനസിക സമ്മർദമാണ് മരണത്തിലേക്ക് നയിച്ചതെന്ന് മാതാവ് പൊലീസിന് മൊഴി നൽകിയിരുന്നു. ശരണിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ജൂൺ 8ന് തലശ്ശേരി ബസ് സ്റ്റാൻഡിൽ വച്ച് ശരണിന്റെ ആക്രമണത്തിൽ മകൾക്ക് പരുക്കേറ്റിരുന്നുവെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ മറ്റ് സൗഹൃദങ്ങളെ സംശയിച്ച് ശരണാണ് അവരെ തലശ്ശേരിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ യുവതിയെ മോശമായി ചിത്രീകരിക്കുന്ന തരത്തിൽ ബന്ധുക്കൾക്ക് സന്ദേശങ്ങൾ അയച്ചതായും പൊലീസ് പറഞ്ഞു. ഇക്കാര്യങ്ങൾ സംബന്ധിച്ച് ശരണും മൊഴി നൽകിയിട്ടുണ്ട്.

കണ്ണൂർ സർവകലാശാല ക്യാംപസിൽ ഗസ്റ്റ് ലക്ചററായിരുന്നു ആദിത്യ. പത്ത് മാസം മുൻപ് വിവാഹാലോചനയുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് സൗഹൃദം വളർന്നെങ്കിലും ബന്ധത്തോട് യുവതിയുടെ കുടുംബം അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ലെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. ഇതേ തുടർന്ന് കുടുംബാംഗങ്ങളുടെ അറിവില്ലാതെയാണ് ബന്ധം തുടർന്നതെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ 14ന് ആണ് ആദിത്യയെ വള്ളങ്ങാട്ടെ വീട്ടിൽ തൂങ്ങിയനിലയിൽ കണ്ടത്. അമ്മയുടെ പരാതിയിൽ പിറ്റേദിവസം പൊലീസ് കേസെടുത്തു. ചികിത്സയ്ക്കിടെ 18ന് വൈകിട്ടാണു ആദിത്യ മരിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വള്ളങ്ങാട്ടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. 

കേസിൽ പ്രതിയായ ശരണിനെ പൊലീസ് ഇന്നലെ വൈകിട്ടോടെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img